Wednesday, April 4, 2012

അക്ഷരങ്ങളില്‍ പ്രണയം നനച്ച്
മുളപ്പിക്കുകയാണു ഞാന്‍...
മഴവരും മുന്‍പേ വിത്തുകള്‍ പാകണം...
തോരാതെ പെയ്യുന്ന മഴയില്‍ എന്റെ
പ്രണയപുഷ്പങ്ങളുടെ പറുദീസയില്‍
അവയെല്ലാം തളിര്‍ത്ത് ഒരൊറ്റ മരമായ്‌ പടര്‍ന്നു നില്‍ക്കും...
വസന്തത്തില്‍ ഒരു ചിരിയായ് അവള്‍ പൂത്തുലയും...
ശിശിരത്തില്‍, ഒരു കാമിനിയെപ്പോലെ,
ഹ്രിദയത്തില്‍ വേരുകളാഴ്ത്തി, ഇലകള്‍ പൊഴിച്ച്,
ആര്‍ദ്രതയോടെ അവള്‍ എന്നെയും കാത്തു നില്‍ക്കും...
ആര്‍ത്തുപെയ്യുന്ന മഴയില്‍
ഒരമ്മയുടെ വാല്‍സല്യത്തോടെ
എന്നെ നെന്ചോടു ചേര്‍ക്കും...
കാറ്റിലും വെയിലിലും വാടാതെ,
മഞ്ഞുകാലങ്ങളില്‍ മഷിത്തണ്ടിന്റെ മണമുള്ള
കുളിരുന്നൊരോര്‍മ്മയായ്
അവള്‍ ഒരുങ്ങി നില്‍ക്കും...
ഇനി കാത്തിരിപ്പിന്റെ കാലമാണ്...
.........................

Friday, December 11, 2009

പതിവുകാരന്‍ ...

നിന്റെ സൌന്ദര്യം ഒരു തീപ്പെട്ടിയാണ്..
ഉരയാതെതന്നെ ഉടലിനെ തീ പിടിപ്പിക്കുന്ന
മാന്ത്രിക തീപ്പെട്ടി...


നിന്റെ മൌനം ഒരു ശംഖിനെ ഓര്‍മ്മിപ്പിക്കുന്നു..
ശംഖൊരു ജലസാഗരം ഉള്ളിലൊതുക്കുന്നു...
നീ വാക്സാഗരം കണ്ണുകളിലും...


നിന്റെ വിരലുകള്‍ കവിഭാവനയല്ല;
മാറിലെ നഖക്ഷതങ്ങളുടെ നീറ്റലാണുണര്‍ത്തുന്നത്‌...


വാടിയ സൂര്യകാന്തിപ്പൂവിനുള്ളില്‍
നിന്റെ കണ്ണുകളുന്ടെന്ന് തോന്നും,ചിലപ്പോള്‍,
നിന്റെ കണ്ണുകളില്‍ ഒരു കടലുന്ടെന്നും..


ഇന്നലെ നമ്മളാദ്യമായൊന്നിച്ചപ്പോള്‍
ഞാന്‍ മറ്റൊന്നുകൂടി കണ്ടെത്തി,
തലമുടിക്കെട്ടിനുള്ളില്‍ നീ ഒളിപ്പിച്ചിരിക്കുന്നത്‌
വെറുമൊരു തുളസിക്കൊടിയല്ലെന്ന്;
രതിയുടെ ഔഷധക്കൂട്ടുകളും
പ്രണയത്തിന്റെ മുല്ലമൊട്ടുകളുമാണെന്ന്...


ഇന്ന് പുലര്‍ച്ചെ നിന്റെ മാറില്‍നിന്ന്
എന്റെ മുഖമടര്‍ത്തിയെടുക്കുംബോള്‍
ഒന്നുറപ്പായിരുന്നു...
നിന്റെ പതിവുകാരുടെ പട്ടികയില്‍
പുതിയൊരു പേരുകൂടി...


Thursday, February 28, 2008

രാജകുമാരന്‍

ജന്മങ്ങള്‍;ഒരുപാടൊരുപാടു ജന്മങ്ങള്‍
ഒരുറക്കത്തില്‍,ഒരുണര്‍വ്വില്‍
രാത്രിയുടെ ഏകാന്തയാമങ്ങളില്‍
എനിക്കീ ജന്മങ്ങള്‍ ജീവിച്ചുതീര്‍ക്കണം
ഒരു നൂറു ജന്മങ്ങള്‍ ഈയൊരുറക്കത്തില്‍
എനിക്ക് ജീവിച്ച് തീര്‍ക്കണം..
പിതാവിന്‌ യൌവനം ദാനമായി നല്‍കാന്‍
ഭീഷ്മരായി ജനിക്കണം..
കണ്ണന്‌ നൃത്തമാടാന്‍ കാളിയനായി;
മുലപ്പാലൂട്ടാന്‍ പൂതനയായി...
മൊണാലിസയ്ക്ക് പുന്ചിരിക്കാന്‍,
ക്രിസ്തുവിന് അവസാന അത്താഴമുണ്ണാന്‍
ഡാവിന്ചിയുടെ വിരലുകളായി..
ആ മനസ്സിലെ നിറങ്ങളായി...

ജനിമൃതികള്‍ക്കിടയില്‍
വെള്ളിയാങ്കല്ലിലെ തുമ്പിയായ്‌....

അങ്ങനെയങ്ങനെ ഒരുപാടൊരുപാട്‌..
ജന്മങ്ങളുടെ ഈ മയക്കമുണര്‍ന്നാല്‍
അടുത്ത മയക്കത്തിനായുള്ള കാത്തിരിപ്പ്‌.;
ജീവിച്ചുതീര്‍ക്കാന്‍ കൊതിയുള്ള ജന്മങ്ങള്‍ക്കായി..

വിരഹം കൊണ്ട് കവിതകളെഴുതാന്‍
രാധയായ് പിറക്കണം..
ആര്‍ത്തലച്ചുവരുന്നൊരു മഴയാകണം;
നിറഞ്ഞൊഴുകുന്നൊരു പുഴയാകണം;
വരണ്ടുണങ്ങിയൊരു മരുഭൂമിയാകണം..
ബിഥോവന്‍റെ സിംഫണിയാകണം,
മെനുഹിന്‍റെ വയലിനാകണം,
അമീലിയായ്‌ പിറക്കണം
ആ മാറിലെ ചൂടേറ്റ് മയങ്ങാന്‍ കൊതിച്ച
എന്‍റെ പ്രിയ സുഹൃത്തിനു വേണ്ടി
ഭരണകൂടങ്ങള്‍ക്ക് വേണ്ടി
ഖലീഫാ ഉമറായി,സോളമന്‍ ചക്രവര്‍ത്തിയായി....
ഒരിക്കല്‍ക്കൂടി മാനവരാശിക്ക്
പ്രത്യാശയുടെ തീനാളങ്ങളേകാന്‍.
പ്രൊമിത്യൂസായി പിറക്കണമെനിക്ക്
വിചാരണയ്ക്ക് ശേഷം
ഏതോ മലമുകളില്‍,ചങ്ങലകളില്‍
കഴുകന്‍മാര്‍ക്കുവേണ്ടി കാത്തിരിക്കാന്‍

ഒരിക്കലീ ജന്മങ്ങളുടെ കഥകള്‍
ഞാനവളോടു പറഞ്ഞു.
ചിരിച്ചുകൊണ്ടവളെന്നോടു ചോദിച്ചു
ശരിക്കും, നിനക്കാരായി ജനിക്കണം.?
ഞാന്‍ പറഞ്ഞു..
സത്യത്തില്‍ എനിക്കിതിലാരുമാകണ്ട...
ഒരു ജന്മമേ ഞാന്‍ കൊതിക്കുന്നുള്ളൂ..
എനിക്കൊരു രാജകുമാരനായ്‌ ജനിക്കണം.
ഏഴു കടലും ഏഴു കരയും താണ്ടി
എന്‍റെ പന്ചവര്‍ണ്ണക്കിളിയെ സ്വന്തമാക്കാന്‍
നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത്
എന്‍റെ പിതാവിനെ അവരോധിക്കാന്‍
മറ്റൊരു ബോധിവൃക്ഷത്തണലിലേക്കുള്ള
യാത്രയ്ക്ക് മുന്‍പ്‌
എന്‍റെ കൂടപ്പിറപ്പിനെ ഒരു രാജകുമാരിയായ്‌
എന്‍റെമ്മയെ ഒരു രാജ്ഞിയായ്‌
കണികണ്ടുണരാന്‍...
ആ ഒരു രാജകുമാരനായാല്‍ മതിയെനിക്ക്...


Saturday, February 23, 2008

''ഹൃദയമില്ലാത്തവന്‍''

ഭൂതകാലക്കുളിരില്‍ നിന്നും എന്‍റെ
കരള്‍ പറിച്ചെടുക്കാന്‍
എനിക്കൊരു കലപ്പ വേണം
ആ കരള്‍ നടാന്‍
ഒരു ഹ്രിദയം വേണം
കാരണം
ഞാന്‍ ഹൃദയമില്ലാത്തവനാണ്‌

ഓര്‍മ്മകളൂടെയും സ്വപ്നങ്ങളുടെയും
യാഥാര്‍ത്ഥ്യത്തിന്‍റെയും ആകെത്തുകയായ
എന്നെത്തേടിയുള്ള യാത്രയില്‍
ഞാന്‍ പകരം വച്ചത്‌
എന്‍റെ ജീവന്‍റെ വിലയായിരുന്നു
സമ്പാദിച്ചത്‌ ''ഹൃദയമില്ലാത്തവന്‍''
എന്ന വിളിപ്പേരും....

ആരും തൊടാതെ ഞാന്‍ കാത്തുവെച്ച
എന്‍റെ മനസ്സിലെ നാലുമണിപ്പൂക്കള്‍
വിടരാതെ വാടുന്നത്‌ കാണുമ്പോള്‍
എന്‍റെ ഉയിരിന്‍റെ നീര്‍മണികള്‍ക്ക് പകരം
ഞാനവര്‍ക്ക് കൊടുത്തത്
എരിയും മനസ്സിന്‍ ഉഷ്ണമാണ്‌..
അത് മാത്രമായിരുന്നു ബാക്കി...

ഹൃദയമില്ലാത്തവന്‍
ആ വിളി ശൂന്യമായ എന്‍റെ
ഹൃദയത്തില്‍ തട്ടി പ്രതിധ്വനിക്കുന്നു.
ആ ശൂന്യത ഇല്ലാതാക്കാന്‍
നഷ്ടപ്പെട്ട എന്‍റെ ഹൃദയം വീണ്ടെടുക്കാന്‍
ഞാനിന്നും അലയുകയാണ്‌

ഓര്‍മ്മകളെ ചില്ലിട്ടു വെയ്ക്കാന്‍
ഒരലമാര വേണം.
സ്വപ്നങ്ങള്‍ വിളമ്പാന്‍
സ്വര്‍ണ്ണത്തളികകള്‍ വേണം
നിലാവിനെ കോരിയെടുക്കാന്‍
നിവര്‍ന്ന വിരലുകള്‍ വേണം.
പ്രണയം പകര്‍ന്നു നല്‍കാന്‍
പ്രകാശിക്കുന്ന കണ്ണുകള്‍ വേണം...

ഇവയെല്ലാം നേടിയെടുക്കാന്‍
ഞാനിനിയും മുന്നേറേണ്ടിയിരിക്കുന്നു.
കാലങ്ങളിലേക്ക് നടന്നകലാത്ത കാലുകളും
തുരുമ്പിച്ച ഹൃദയവും..
എങ്ങനെ നടന്നാലും
ഞാനെന്നും വൈകിയാണെത്തുന്നത്...
മനസ്സിന്‍റെ നടനം പിന്നോട്ടായിരുന്നു,
ഒരു കുഴിയാനയെപ്പോലെ
കാണാച്ചുഴികളില്‍ ജീവിതം ഒളിച്ചുവെച്ച്
ഓര്‍മ്മകള്‍ എന്നെ കാത്തിരിക്കുന്നു..

കാത്തിരിക്കുന്നവരെ മുഷിപ്പിക്കാന്‍
ഞാന്‍ പഠിച്ചിട്ടില്ല.
എന്നിട്ടും ഓര്‍മ്മകളിലേക്കെത്താന്‍
ഞാന്‍ വൈകിപ്പോയി..
വിഷാദം നിറഞ്ഞ ഓര്‍മ്മകള്‍
അന്നാദ്യമായെന്നെ വിളിച്ചു.;
''ഹൃദയമില്ലാത്തവന്‍''
എന്‍റെ ഹൃദയം കാണാതെ പോയത്
ഓര്‍മ്മകള്‍ മാത്രമല്ല.;
പലരും എന്നില്‍ ഹൃദയം കണ്ടില്ല.!!
ആരും ചോദിച്ചില്ല;
എവിടെ നിന്‍റെ ഹൃദയമെന്ന്..

എന്‍റെ ഹൃദയം,
അത് മൂന്ന് പാതിയായിരുന്നു.

ഒന്ന്, അതെന്‍റെ സ്വകാര്യ നഷ്ടമാണ്‌
ആര്‍ക്കും പങ്കില്ലാത്ത എന്‍റെ ഹൃദയം
അമാവാസിയുടെ ഇരുളിമ
മിഴികളിലെഴുതിയ;
നിറസന്ധ്യയുടെ കുങ്കുമം
ചൊടികളില്‍ ചാലിച്ച
നിലാവില്‍ മയങ്ങുന്ന നിശാഗന്ധിക്കുപകരം
മുടിയിഴകളില്‍ പ്രണയം കൊരുത്തുവെച്ച
എന്‍റെ കാമിനി,എന്‍റെ സ്വപ്നം.,
അവളെത്തേടിയുള്ള യാത്രയില്‍
എനിക്ക് നഷ്ടമാകുന്നത്
എന്‍റെ ഹൃദയത്തിന്‍റെ ഒന്നാം പാതി

രണ്ടാം പാതി, അതെന്‍റെ സ്വകാര്യ നിക്ഷേപമാണ്‌
എന്‍റെ ചങ്ങാതിക്കൂട്ടത്തിനു നടുവിലേക്കിട്ട
ആ പാതി ഇന്നും ഒരു നിധി പോലെ ഭദ്രം..

ഇനി മൂന്നം പാതി,
ഹൃദയത്തിന്‍റെ അവസാന കണ്ണി.
പുതിയ ലോകവും പുതിയ ജീവിതവും
തേടിയുള്ള യാത്രയില്‍
എനിക്ക് നഷ്ടമാവുന്നത്‌
എന്‍റെ ചെറു ഹൃദയം മാത്രമല്ല;
എന്നെത്തന്നെയാണെന്ന് ഒരു
ഞെട്ടലോടെ ഞാന്‍ തിരിച്ചറിയുന്നു..
പക്ഷേ,ആ തിരിച്ചറിവ്‌
അതും ഒരുപാട് വൈകിയായിരുന്നു

Sunday, February 17, 2008

മഹാമേരു....

ഓര്‍മ്മകളുടെ ബാല്യത്തിലേക്ക്
പിച്ചവെച്ചിറങ്ങുമ്പോള്‍ മനസ്സിടറുന്നു...
നഷ്ട വസന്തങ്ങളുടെ മരവിപ്പു ബാധിച്ച
അലസക്കാഴ്ചകളുടെ തിമിരം മൂടിയ
പ്രണയത്തിന്‍റെ നനവുള്ള ഓര്‍മ്മകള്‍
കാണാമറയത്തിരുന്ന് എന്നെ മാത്രം പ്രണയിക്കുന്ന
എനിക്കു വേണ്ടി മാത്രം പ്രാര്‍ഥിക്കുന്ന
ഒരു കാമിനിയുണ്ടായിരുന്നെനിക്ക്...
അവളുടെ തണുത്ത വിരല്‍സ്പര്‍ശമേറ്റ്
ആ കാര്‍കൂന്തലുകളെ തഴുകിവരുന്ന
ഇളംകാറ്റേറ്റ് ആ മടിയില്‍ ചാഞ്ഞുറങ്ങാന്‍
ഒരുപാടൊരുപാടു കൊതിച്ചിരുന്നു
കണ്ണീരിന്‍റെ തീരങ്ങളിലൂടെ
പുഞ്ചിരിയുടെ തോണിയിലായിരുന്നു ഞങ്ങള്‍
എനിക്കും അവള്‍ക്കുമിടയില്‍
ജീവിതമെന്ന മഹാപര്‍വ്വം...
എന്നിലെ വേദനകള്‍ യവനികയാക്കി
അതിനുപിന്നില്‍ അലിഞ്ഞില്ലാതകുംമുമ്പ്
അവളെനിക്കെഴുതി...
''എനിക്കു വേണ്ടി മാറ്റിവയ്ക്കാന്‍
ഒരു പൂവിതള്‍ പോലുമില്ലാതെ
നിന്‍റെ ജീവന്‍റെ പൂമരം അവശേഷിക്കുമ്പോള്‍
ആ തണലിലെങ്കിലും ഒന്ന് തലചായ്ക്കാന്‍
എനിക്കിടം തന്നൂടെ...?
അവിടെ നിന്‍റെ ഓര്‍മ്മകളുടെ ഇളംകാറ്റേറ്റ്
എനിക്കൊന്നു മയങ്ങണം...
ഒരിക്കലുമുണരാത്ത നിദ്രയ്ക്കുമുന്‍പ്
എന്‍റെ ഹൃദയഭൂമിയിലൂടെ
വിശ്രമമില്ലാതലഞ്ഞ
നമ്മുടെ സ്വപ്നങ്ങളെ മയക്കാന്‍
അവരറിയാതെ വേണം എനിക്കുറങ്ങാന്‍..''

അവിടെ;കണ്ണീരുപ്പുകലര്‍ന്ന
ആ അക്ഷരങ്ങള്‍ക്കുമുന്നില്‍
എനിക്കും അവള്‍ക്കുമിടയിലുള്ള
ആ മഹാപര്‍വ്വം ഉരുകിയില്ലാതാകുന്നത്,
ചാലിയാറിന്‍റെ ഓളങ്ങള്‍പോലെ
എന്നിലേക്കൊഴുകിയെത്തുന്നത് ഞാനറിഞ്ഞു
എന്‍റെ ചെറിയ ചെറിയ സ്വപ്നങ്ങള്‍
പകരമായ് നല്‍കി ഞാനെന്‍റെ
ആ വലിയ സ്വപ്നം വിലക്കെടുത്തു
ഒരിക്കലും തിരിച്ചു ചോദിക്കില്ലെന്ന
ഒരേയൊരു വ്യവസ്ഥയില്‍
ഇന്ന് ഞങ്ങള്‍ ഞങ്ങളാണ്
നോക്കിയാല്‍ കാണുന്ന ആകാശത്തിനു
താഴെയുള്ളതെന്തും ഞങ്ങള്‍
നടന്നും പറഞ്ഞും ആസ്വദിച്ചും
ഞങ്ങളുടേത് മാത്രമാക്കി മാറ്റിയിരിക്കുന്നു
ഒരായുസ്സിന്‍റെ സ്വപ്നങ്ങള്‍ ഇന്നെന്‍റെ ;
അല്ല ഞങ്ങളുടെ സ്വന്തം

ഹേ;കുശുമ്പന്‍ ജീവിതമേ
ദയവുചെയ്തിനിയും ഞങ്ങള്‍ക്കിടയില്‍
ഒരു മഹാമേരുവാകാതിരിക്കുക
ഈ രണ്ടുപേരെങ്കിലും ഒന്ന് ജീവിച്ചോട്ടെ..!

Monday, February 11, 2008

എന്‍റെ (പെണ്‍)ചങ്ങാതി

എനിക്കൊരു ചങ്ങാതിയുണ്ട്
ഒന്നല്ല;ഒരുപാടുണ്ട് ...
പക്ഷെ ,അതിലൊന്ന്
ഒരു പെണ്ണാണെന്ന്
നാട്ടുകാര്‍ പറഞ്ഞാണ്‌ ഞാനറിഞ്ഞത്‌

എന്‍റെ മടിയില്‍ തലചായ്ച്ച്‌ കിടക്കുന്ന
എന്‍റെ ചങ്ങാതിക്കുവേണ്ടി
പ്രിയ കവിയുടെ വരികള്‍
ഈണത്തില്‍ ചൊല്ലുമ്പൊഴോ
നിറഞ്ഞൊഴുകുന്ന ചാലിയാറിന്‍റെ
തീരങ്ങളിലൂടെ;വശ്യസുന്ദരമായ
എന്‍റെ ഗ്രാമവീഥികളിലൂടെ
തോളോടുതോള്‍ ചേര്‍ന്ന്
വിരലുകള്‍ കോര്‍ത്തിണക്കി
എന്‍റെ സായാഹ്നങ്ങളെ സുന്ദരമാക്കുമ്പൊഴോ
ഞാനറിഞ്ഞിരുന്നില്ല,
എന്‍റെ ചങ്ങാതി ഒരു പെണ്ണായിരുന്നെന്ന്‌..!

ഞങ്ങളിതുവരെ ചിന്തിക്കാത്ത കാര്യമാണത്‌
ഞാന്‍ ആണാണെന്നോ
അവള്‍ പെണ്ണാണെന്നോ
ഞങ്ങളിതുവരെ സംസാരിച്ചിട്ടില്ല...
ഞങ്ങള്‍ ചങ്ങാതിമാരായിരുന്നു..
ഞങ്ങള്‍ ഞങ്ങളായിരുന്നു....
ഞങ്ങളല്ലാതെ മറ്റാരും ഞങ്ങളെ
മനസ്സിലാക്കില്ലെന്നും,ഇനി
ശ്രമിച്ചാല്‍ തന്നെ പറ്റില്ലെന്നും
ഞങ്ങള്‍ക്ക് മനസ്സിലാകുന്നത്
വളരെ വൈകിയാണ്‌...!

അപ്പോഴേക്കും ഞങ്ങള്‍ നാട്ടിലെ
പരദൂഷണ ശാലകളിലെ
നായികയും നായകനുമായി
മാറിക്കഴിഞ്ഞിരുന്നു...!
കോളേജിലെ റോമിയോ ജൂലിയറ്റുമാരുടെയും
ലൈലാമജ്നുകളുടെയും
കണ്ണിലെ കരടായി മാറിയിരുന്നു..!

ഞങ്ങള്‍ക്കെന്താണിത്ര പ്രത്യേകത
ഞങ്ങളും മനുഷ്യരല്ലേ...?
ഞങ്ങള്‍ വസ്ത്രം ധരിക്കുന്നില്ലേ..
അതോ..,ധരിക്കുന്ന വസ്ത്രങ്ങളുടെ
വ്യത്യസ്തത കൊണ്ടാണോ
എല്ലാ കണ്ണുകളും ഞങ്ങളിലേക്ക്‌
കൂരമ്പുപോലെ കുത്തിക്കയറുന്നത്..

എന്നാല്‍ വസ്ത്രങ്ങള്‍ ഒരുപോലെയാക്കാം
രണ്ട്‌പേര്‍ക്കും ഒരുപോലെ യോജിക്കുന്ന
രണ്ട് ജോടി വസ്ത്രങ്ങള്‍
പുതിയ വിലകൊടുത്ത് വാങ്ങി
രക്ഷയില്ല.....,
കണ്ണുകള്‍ യാത്ര അവസാനിപ്പിക്കുന്നത്‌
ഞങ്ങളില്‍ തന്നെ

ഇനി സ്വസ്ഥമായി എവിടെയെങ്കിലും
പോയി സംസാരിക്കാമെന്ന് വച്ചാല്‍
അവിടെയുമുണ്ട് ഈ കണ്ണുകള്‍
ആദ്യമൊക്കെ കണ്ണുകള്‍ മാത്രമായിരുന്നു.
പിന്നെപ്പിന്നെ നാവുകളും ചിലപ്പ് തുടങ്ങി
പഴമൊഴികളില്‍ പതിരില്ലെന്ന് ഞങ്ങളറിഞ്ഞു
അങ്ങനെ കുറേ നാളുകള്‍ ഒളിച്ചുകളി തുടങ്ങി

അല്ല;..ഞങ്ങളെന്തിനീ നാട്ടുകാരെയും
ദുഷിച്ച കണ്ണുകളെയും, എല്ലുകളില്ലാത്ത
ദുര്‍ബലങ്ങളായ വാക്കുകളെയും പേടിക്കണം
ഒളിവിലെ ചിന്തകള്‍ നല്‍കിയ ധൈര്യം
ഞങ്ങള്‍ വീണ്ടും പുറത്തിറങ്ങി

വീണ്ടും ചാലിയാറിന്റെ തീരങ്ങളില്‍
ഞങ്ങളുടെ പാദമുദ്രകള്‍ ,
പുഴക്കടവിലെ ആല്‍ത്തറയില്‍
ഒരിലയിലെ ദിവ്യ ഭോജനം
ഒരുമിച്ചുള്ള ബസ് യാത്രകള്‍,
ഒഴിവുസമയങ്ങളിലെ ചൂടുള്ള ചായയും
അതിനേക്കാള്‍ ചൂടേറിയ ചിന്തകളും...
എല്ലാം വീണ്ടും ഞങ്ങള്‍ സ്വന്തമാക്കി..

പഴയ കണ്ണുകളും ദുഷിച്ച വാമൊഴികളും
അവിടെത്തന്നെയുണ്ട്‌.പക്ഷെ,
ഞങ്ങളതിന്‌ കണ്ണും കാതും കൊടുക്കാറില്ല
അവര്‍ നമുക്കും നമ്മള്‍ അവര്‍ക്കും
ആരുമല്ലാത്തിടത്തോളം കാലം
അതിന്‍റെയാവശ്യമില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു.

പക്ഷേ..,ഇതിപ്പോ അങ്ങനെയല്ലല്ലോ..
പ്രശ്നം ഗുരുതരമായിരിക്കുന്നു.
കണ്ണുകളുടെ ഉടമകള്‍
വാക്കുകളെ വീട്ടിലേക്കയച്ചിരിക്കുന്നു.
അവരുടെ വീട്ടിലേക്കല്ല,
ഞങ്ങളുടെ വീട്ടിലേക്ക്‌
നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് നേരെ
ഉത്തരങ്ങളെറിയേണ്ടെന്ന്‌ വയ്ക്കാം
പക്ഷെ വീട്ടിലെ ചോദ്യങ്ങള്‍ക്ക്
ഉത്തരങ്ങള്‍ കൊടുത്തേ മതിയാകൂ...
കാരണം അവര്‍ ഞങ്ങള്‍ക്കും
ഞങ്ങള്‍ അവര്‍ക്കും ആരൊക്കെയോ ആണ്‌

അടുക്കളയിലെ കരിപുരണ്ട വിളറിയ മുഖവും
മെല്ലിച്ച കൈകളുമുള്ള ശരീരം
ഞാനവര്‍ക്ക് മകനായിരുന്നു..
ഒരേയൊരു മകന്‍
എന്‍റെ ഒരേയൊരമ്മ..
വാര്‍ദ്ധക്യത്തിന്റെ ക്ഷീണം
കണ്ണുകളിലൊളിപ്പിച്ച്
പുലരും മുമ്പേ ജോലി തേടിയിറങ്ങുന്ന
ഉറച്ച സ്വരവും നിറഞ്ഞ മനസ്സുമുള്ള
മറ്റൊരു ശരീരം
എന്നോടൊപ്പം എന്തിനും
നില്‍ക്കാറുള്ള മറ്റൊരു മനസ്സ്‌
എന്‍റെ കൂടപ്പിറപ്പ്‌ ...

ഇവരുടെയെല്ലാം ചോദ്യങ്ങള്‍ക്ക്
ഞാനുത്തരം പറഞ്ഞേ തീരൂ
ചോദ്യങ്ങള്‍ ഞങ്ങള്‍ക്ക് താങ്ങാവുന്നതിലപ്പുറമായി
ചോദ്യങ്ങളില്ലാതാവണമെങ്കില്‍
ഞങ്ങളിങ്ങനെയല്ലാതാവണം..
ഞങ്ങളിങ്ങനെയല്ലാതാവണമെങ്കില്‍
ഞങ്ങളില്ലാതാവണം...!
അതുമല്ലെങ്കില്‍ എന്‍റെ പുറംലോകവും
അതിന്‍റെ കണ്ണുകളിലും കഥകളിലും
ഞങ്ങളാരാണോ , അങ്ങനെയായി
അവരുടെ വാക്കുകളെയും നോട്ടങ്ങളെയും
ഞങ്ങളംഗീകരിക്കണം...!

ഇതിലെന്ത് വേണമെന്ന്
ഇനിയും തീരുമാനമായിട്ടില്ല
ഇനി വീട്ടുകാര്‍ക്ക് മുന്നിലും
ഒളിച്ച് കളിക്കണോ..?
അതോ അവരുടെ വാക്കുകളെയും
മനസ്സുകളെയും ഒന്നിച്ചൊരു
തീച്ചൂളയിലിട്ടുരുക്കണോ..?

അര്‍ഥഗര്‍ഭമായല്ലാതെ നോക്കാനും
ഉത്തരങ്ങള്‍ വേണ്ടാത്ത ചോദ്യങ്ങളെറിയാനും
എന്നെന്‍റെ പുറംലോകം പഠിക്കുന്നുവോ
അന്ന് ഞങ്ങള്‍ വീണ്ടും ജനിക്കും
ഞങ്ങള്‍ക്ക് വേണ്ടി,
എന്‍റെ ചാലിയാറിന്‍റെ തീരങ്ങള്‍ക്ക് വേണ്ടി
വശ്യസുന്ദരമായ ആ സായാഹ്നങ്ങള്‍ക്കും
ഏകാന്തമായ എന്‍റെ ഗ്രാമവീഥികള്‍ക്കും വേണ്ടി......
................................. ...................................

Sunday, February 10, 2008

വിരഹം....

ഒന്നിനെയും അമിതമായി
വിശ്വസിക്കരുതെന്ന ഒരൊറ്റ
നല്ലകാര്യവും എനിക്ക്
പകര്‍ന്ന് തന്നാണവള്‍ പോയത്
എന്നിട്ടും ഞാനവളെ വിശ്വസിക്കുന്നു.
കാരണം അവളെനിക്ക്
എന്തോ ഒന്നായിരുന്നില്ല
എന്‍റെ എല്ലാമായിരുന്നു....
ഇന്നോ...?ഇന്നും അങ്ങനെതന്നെ
പക്ഷെ,ഇപ്പോ കൈയ്യെത്തുംദൂരത്ത്
അവളില്ല;പകരം അവള്‍
എറിഞ്ഞിട്ട്‌പോയ മാരിവില്‍ നിറമാര്‍ന്ന
കുപ്പിവളപ്പൊട്ടുകള്‍ പോലെ
അരികില്‍ മൂര്‍ച്ചയുള്ള
ഭംഗിയുള്ള ഓര്‍മ്മക്കഷ്‌ണങ്ങള്‍ മാത്രം.....

ഓരോ ഓര്‍മ്മയും ഒരു വേദനയാകുന്നു..
ഓരോ വേദനയും ഒരോര്‍മ്മയാകുന്നു..
അതിനാല്‍ ഇപ്പോള്‍
വേദനിക്കുന്നതിലാണെന്‍റെ ആനന്ദം..
വിരഹം ദുഃഖമാണെങ്കില്‍
ആ ദുഃഖമാണെന്‍റെ പ്രണയം....